പയ്യോളി: ഇന്ധനവിലവർദ്ധനവിന്റേയും സ്പെയർ പാർട്സ് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓട്ടോ-ടാക്സി ചാർജ്ജ് കാലോചിതമായി പരിഷ്കരിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു. പയ്യോളി എ.കെ.ജി മന്ദിരത്തിലെ സഖാവ് സി. കുഞ്ഞമ്മദ് നഗറിൽ വെച്ച് ചേർന്ന ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ഏരിയ സമ്മേളനമാണ് സംസ്ഥാന സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. നാല് വർഷം മുൻപ്, 2022 ഏപ്രിൽ മാസത്തിലാണ് ഇതിന് മുൻപ് അവസാനമായി ചാർജ്ജ് വർദ്ധനവ് നടപ്പിലാക്കിയതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് എൽ. രമേശൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റ് സഖാവ് ബിജു കളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ദേഹം തന്നെ പതാക ഉയർത്തലും നിർവ്വഹിച്ചു. സജീവൻ രക്തസാക്ഷി പ്രമേയവും പ്രദീപൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.കെ. മമ്മു സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ഇൻ ചാർജ്ജ് ഗിരീഷ് ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിലെ പ്രമേയങ്ങളും ഭാവി പ്രവർത്തന രൂപരേഖയും ജോയിന്റ് സെക്രട്ടറി സുനിൽ അക്കമ്പത്ത് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. ലികേഷ് സ്വാഗതവും എ. വിനോദൻ നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ബിജു കളത്തിൽ (പ്രസിഡന്റ്), യു.വി. ബിജീഷ് (സെക്രട്ടറി), എൻ.സി. ഗിരീഷ് ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: പ്രദീപ് തോലേരി, സമീർ കെ.കെ, സാലിക്കോയ, രാജേഷ് ഇ.
ജോയിന്റ് സെക്രട്ടറിമാർ: സുനിൽ അക്കമ്പത്ത്, ഷിംനേഷ് കെ.എം, വിനോദൻ എ, ശ്രീജിത്ത് കെ. ഇവർ ഉൾപ്പെടെ 19 അംഗ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളനത്തിലേക്കുള്ള 6 പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
