തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ നിരാഹാര സമരത്തിലേക്ക്. ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങുമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടന വ്യക്തമാക്കി. സമരത്തിന് മുന്നോടിയായി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനുമാണ് തീരുമാനം. ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഉയർത്തിയ ആവശ്യങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും സമരം തുടങ്ങി ഇതുവരെയായിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
ഇതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാർ തീരുമാനിച്ചത്. ഈ മാസം 21 മുതൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരം അവസാനിപ്പിക്കുകയും ചെയ്തു. മറ്റ് ആപ്പുകളെ പ്രതിനിധികൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഡ്രൈവർമാർ ആവശ്യപ്പെട്ട മാറ്റങ്ങൾ ആപ്പുകളിൽ ഇതുവരെയും കൊണ്ടുവന്നിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.
നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം, മുൻകൂട്ടി നോട്ടീസ് നൽകാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വർധനവിനിടയിലും ടാക്സിനിരക്ക് കുറക്കൽ, ഏകീകൃതനിരക്ക് ഏർപ്പെടുത്തണമെന്നതുൾപ്പെടെയുള്ള 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം.
