പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. യുവതിയെയും കുഞ്ഞിനേയും കൊന്ന പ്രതിയാണ് പിടിയിലായത്. പ്രതി കുറ്റം പൊലീസിനോട് സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമെന്നും പ്രതി മൊഴി നൽകി. അതേസമയം, കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.
പാലക്കാട് നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 2 മാസമായി ഈ സ്ത്രീക്കൊപ്പമാണ് പ്രതി താമസിച്ചുവരുന്നത്. ഭവാനി പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പുഴയിൽ വച്ചു തന്നെയാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് നിഗമനം. മുപ്പതുകാരിയുടെ തലയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം.
