നന്തി ബസാർ: നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ കടലൂരിലെ കുഞ്ഞിപ്പള്ളി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അസർ നമസ്കാരത്തിന് നേതൃത്വം നൽകി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. എല്ലാ ആരാധനകളും പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നത് ഉത്തമമാണെന്നും, ഇഅ്ത്തികാഫിന്റെ നിയ്യത്തോടെ പള്ളിയിൽ ഇരുന്നാൽ പോലും വലിയ പ്രതിഫലം ലഭിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ ഓർമ്മിപ്പിച്ചു.
മഹല്ല് പ്രസിഡന്റ് ടി.കെ. ഉമ്മർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ഗ്രൂപ്പ് ചെയർമാൻ പി.കെ. അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എഞ്ചിനീയർ റിഷാദിന് പി.കെ. അഹമ്മദ് ഉപഹാരം സമർപ്പിച്ചു.

ജാമിഅ ദാറുസ്സലാം സെക്രട്ടറിയും സമസ്ത കേരള മുശാവറ അംഗവുമായ എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, ദഅവ കോളേജ് പ്രിൻസിപ്പൽ തഖ്യുദ്ദീൻ ഹൈത്തമി, മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, സി. ബഷീർ ദാരിമി, ടി.കെ. കബീർ, സി.കെ. അബുബക്കർ, കെ.വി. റഹീം, ഹനീഫ സ്റ്റാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഹാഫിസ് മുഹമ്മദ് ഉവൈസിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ നാസർ മഞ്ചയിൽ സ്വാഗതവും അഹമ്മദ് മഞ്ഞാട്ടി നന്ദിയും പറഞ്ഞു. നവീകരിച്ച പള്ളി സന്ദർശിക്കാൻ സ്ത്രീകൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
