കയ്പമംഗലത്ത് ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി വൻ അപകടം; വിദ്യാർഥികളടക്കം 8 മരണം

news image
Sep 5, 2026, 6:26 am GMT+0000 payyolionline.in

തൃശൂർ: കയ്പമംഗലത്ത് കാർ ചരക്കുലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. തമിഴ്നാട് ഡിണ്ടിഗലിൽനിന്നെത്തിയ ഏഴ് എൻജിനീയറിങ് കോളജ് വിദ്യാർഥികളും ഡ്രൈവറുമാണ് മരിച്ചത്. ഇന്നലെ രാത്രി 11.45-ഓടെയായിരുന്നു അപകടം സംഭവിച്ചത്.

​കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന എട്ടുപേരെയും പുറത്തെടുത്തത്. എന്നാൽ എല്ലാവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

​അപകടത്തിൽപ്പെട്ടവർ ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളാണ്. കാറിൽനിന്ന് ലഭിച്ച ഐ.ഡി. കാർഡിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമായത്. ഡിണ്ടിഗൽ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ പ്രസന്ന, സന്തോഷ്, സേലം സ്വദേശി വിശ്വ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe