കരിപ്പൂർ: സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും റിയാദിലേക്ക് പുതിയ സർവീസുകളുമായി ആകാശ എയറും കോഴിക്കോട്ടെത്തുന്നു. ആകാശ എയർ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. സലാല എയർ ഒക്ടോബർ 31 മുതൽ 12.05-ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് സലാലയിൽ എത്തും. സലാലയിൽനിന്ന് 6.30-ന് പുറപ്പെട്ട് രാത്രി 12.30-ന് കരിപ്പൂരിലെത്തും. ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ്. തിരിച്ച് സലാലയിലേക്കുള്ള സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.
ഒക്ടോബർ 25 മുതലാണ് റിയാദിലേക്ക് ആകാശ എയറിന്റെ സർവീസുകൾ ഉണ്ടാവുക. റിയാദ് സർവീസിന്റെ റൊട്ടേഷൻ സർവീസായാണ് ബെംഗളൂരു സർവീസ് വരുന്നത്.ഇൻഡിഗോ എയർ ജിദ്ദ സർവീസിനുപയോഗിക്കുന്ന വിമാനത്തിൽമാറ്റം വരുത്താൻ തീരുമാനിച്ചിട്ടുമുണ്ട്. ഒക്ടോബർ ഒന്ന് മുതൽ ജിദ്ദ സർവീസിന് എയർബസ് എ 320-ന് പകരം എ 321 നിയോ വിമാനമാകും ഉപയോഗിക്കുക. നിലവിലെ എ 320 വിമാനത്തിന് 180 മുതൽ 186 വരെ യാത്രക്കാരെ വഹിക്കാനാണ് കഴിയുന്നത്. നിയോ വിമാനത്തിൽ 220 മുതൽ 232 വരെ യാത്രക്കാർക്ക് സഞ്ചരിക്കാനാകും.
