കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പൊലീസിനും യു.ഡി.എഫിനുമെതിരെ സിപിഐഎം പ്രതിഷേധ മാർച്ച് ഇന്ന് വടകരയിൽ

news image
Jun 19, 2026, 5:16 am GMT+0000 payyolionline.in

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഷ്ട്രീയ സമരവുമായി സിപിഐഎം രംഗത്തിറങ്ങുന്നു. കേസിൽ യുഡിഎഫും പൊലീസും മാധ്യമങ്ങളും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചും കള്ളക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ന് വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി എം. മെഹബൂബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയും ഈ വിഷയത്തിൽ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

​അതിനിടെ, കേസിലെ പ്രതിയായ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര സെഷന്‍സ് കോടതി തള്ളുകയും പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിമാന്‍ഡ് റിപ്പോർട്ടിലുള്ളത്. അതിനാൽ ഫോൺ സംസ്ഥാന ഫോറൻസിക് വിഭാഗത്തിലേക്ക് അയക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) തീരുമാനം. ജിതിൻ ഈ സ്‌ക്രീന്‍ഷോട്ട് ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സാപ് ഗ്രൂപ്പിലും പിന്നീട് മറ്റൊരു നേതാവ് ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും ഉൾപ്പെടെ ഇരുനൂറോളം ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പ്രചരിപ്പിച്ചതായി ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe