വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന്; ഗ്യാരണ്ടികളും കിഫ്ബി പൊളിച്ചെഴുത്തും ഉറ്റുനോക്കി കേരളം

news image
Jun 19, 2026, 4:02 am GMT+0000 payyolionline.in

തിരുവനന്തപുരം: ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യ സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. യു.ഡി.എഫ്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടി, വിവിധ ക്ഷേമ പദ്ധതികൾ, മിഷൻ സമുദ്ര തുടങ്ങിയവ ബജറ്റിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ വരുന്ന ബജറ്റായതിനാൽ, വരുമാന വർധനയ്ക്കായുള്ള കടുത്ത നടപടികൾക്കും സാധ്യതയുണ്ട്.

​ധവളപത്രത്തിലെ നിർദേശങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ ബജറ്റിൽ ജനങ്ങൾക്ക് അധിക നികുതിഭാരം നൽകാതെ വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങളുണ്ടാകും. മദ്യവില വർധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വർധിപ്പിക്കൽ എന്നിവ പരിഗണനയിലുണ്ടെന്നാണ് വിവരം. അതേസമയം, പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധനത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അധിക നികുതി പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്. കൂടാതെ, കിഫ്ബിയിൽ (KIIFB) സമഗ്രമായ പൊളിച്ചെഴുത്തും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

​ക്ഷേമപെൻഷനുകളിൽ നേരിയ വർധനവുണ്ടാകുമെന്ന പ്രതീക്ഷയ്ക്കൊപ്പം വിവിധ ജില്ലകളും വലിയ പ്രഖ്യാപനങ്ങൾ കാത്തിരിക്കുകയാണ്. കൊച്ചിക്ക് പ്രത്യേക പാക്കേജും, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ ഓവർബ്രിഡ്ജുകളും, മെട്രോ വികസനവുമാണ് പ്രതീക്ഷയെങ്കിൽ, കോഴിക്കോട് മാവൂർ റയോൺസ് ഭൂമി ഉപയോഗപ്പെടുത്തിയുള്ള വിവിധ പദ്ധതികളും വിമാനത്താവളത്തെയും നഗരത്തെയും ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിൻ പ്രഖ്യാപനവുമാണ് മലബാറിന്റെ പ്രധാന പ്രതീക്ഷകൾ. സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയെന്ന പ്രത്യേകതയും ഇതോടെ വി.ഡി. സതീശന് കൈവരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe