കിളികളും കൂളാവട്ടെ: കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസവുമായി ജില്ലാ ഭരണകൂടം

news image
Apr 30, 2026, 6:06 am GMT+0000 payyolionline.in

കോഴിക്കോട്: കൊടുംവേനലിൽ പക്ഷികൾക്ക് കുടിനീരൊരുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘കിളികളും കൂളാവട്ടെ’ ജനകീയ ക്യാമ്പയിന് തുടക്കമായി. കളക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം പക്ഷികൾക്കായി ഒരുക്കിയ പാത്രത്തിൽ വെള്ളം നിറച്ച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജലാശയങ്ങൾ വറ്റിത്തുടങ്ങിയതോടെ കുടിവെള്ളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പക്ഷികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ നീക്കം.

​വീടുകളിലും പരിസരങ്ങളിലും പക്ഷികൾക്കായി മൺപാത്രങ്ങളിലും മറ്റും വെള്ളം ഒരുക്കി അതിന്റെ ചിത്രങ്ങൾ ജില്ലാ കളക്ടറുടെ സോഷ്യൽ മീഡിയ പേജുമായി ടാഗ് ചെയ്ത് പങ്കുവെക്കാനാണ് ക്യാമ്പയിനിലൂടെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ഇങ്ങനെ പങ്കുവെക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കളക്ടറുടെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിക്കും. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിദത്തമായ പാത്രങ്ങൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

​സഹജീവികളോടുള്ള കരുതലും പ്രകൃതി സംരക്ഷണവും മുൻനിർത്തിയുള്ള ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാകുമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. കളക്ടറുടെ ഇന്റേൺസ് ആണ് ഈ ജനകീയ ക്യാമ്പയിന്റെ ഏകോപനം നിർവ്വഹിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരും വിദ്യാർത്ഥികളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe