എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കില്‍ അബദ്ധവശാല്‍ കീറിപോയ ആയ നോട്ടുകള്‍ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ നോട്ടുകളുമാകാം. അത്തരത്തിലുള്ള നോട്ടുകള്‍ എന്ത് ചെയ്യും?… സാധാരണയായി വീട്ടിലെ അലമാരയുടെ ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ടുവയ്ക്കാറാണ്. ഭാവിയില്‍ എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതിയായിരിക്കില്ല മറിച്ച് ഈ നോട്ട് കളയുന്നതിനോ കത്തിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകൊണ്ടായിരിക്കും. … ഇത്തരത്തില്‍ കുറേയേറെ നോട്ടുകള്‍ കയ്യിലുള്ളവരുമുണ്ടാകും.
ഒരുപക്ഷേ ചിലര്‍ അത്തരം നോട്ടുകള്‍ ഒരു നോട്ടുകെട്ടില്‍ ഉള്‍പ്പെടുത്തിയോ അല്ലെങ്കില്‍ പച്ചക്കറി വിപണികള്‍ പോലുള്ള പ്രാദേശിക വിപണികളിലെ ദൈനംദിന ഇടപാടുകളുടെ പ്രചാരത്തില്‍ ഉള്‍പ്പെടുത്തിയോ മറ്റോ കബളിപ്പിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്ര ബുദ്ധിമുട്ടില്ല നോട്ട് ബാങ്കില്‍ പോയി മാറ്റിയെടുക്കാന്‍.
അതായത് കീറിയതോ ടേപ്പ് ചെയ്തതോ ആയ നോട്ടുകള്‍ ഈസിയായി മാറ്റിയെടുക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ കേടുവന്ന നോട്ടുകള്‍ മാറ്റി നല്‍കാനുള്ള ഓപ്ഷന് നല്‍കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ചെറുകിട ധനകാര്യ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളില്‍ മുഷിഞ്ഞ/കീറിയ/കേടായ നോട്ടുകള്‍ കൈമാറ്റം ചെയ്യാമെന്ന് 2023 ഏപ്രില്‍ 03 ന് പ്രസിദ്ധീകരിച്ചതും 2023 മെയ് 15 ന് അപ്ഡേറ്റ് ചെയ്തതുമായ ഒരു മാസ്റ്റര്‍ സര്‍ക്കുലറില്‍, ആര്‍ബിഐ വ്യക്തമാക്കുന്നുണ്ട്.
മുഷിഞ്ഞ നോട്ടുകള്‍ എന്നത് വൃത്തികേടായതും ചെറുതായി മുറിഞ്ഞതുമായവയാണ്. അവയില്‍ രണ്ട് അറ്റങ്ങളില്‍ അക്കങ്ങളുണ്ടാകും, അതായത് 10 രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ളതും രണ്ട് കഷണങ്ങളായി രൂപീകരിച്ചിരിക്കുന്നതുമായ നോട്ടുകളും മുഷിഞ്ഞ നോട്ടുകളായി കണക്കാക്കും. ഈ നോട്ടുകളെല്ലാം ഏതെങ്കിലും പൊതുമേഖലാ ബാങ്ക് ശാഖയുടെ കൗണ്ടറുകളിലോ, ഒരു സ്വകാര്യ മേഖലാ ബാങ്കിന്റെ ഏതെങ്കിലും കറന്‍സി ചെസ്റ്റ് ശാഖയിലോ, അല്ലെങ്കില്‍ ആര്‍ബിഐയുടെ ഏതെങ്കിലും ഇഷ്യു ഓഫീസിലോ മാറ്റിവാങ്ങാം. ഇത് ചെയ്യുന്നതിന് ഒരു ഫോമും പൂരിപ്പിക്കേണ്ടതില്ല. ചുരുക്കിപറഞ്ഞാല്‍ 10 മിനിറ്റ് മതിയാകും നോട്ട് മാറ്റികിട്ടാന്‍.
അതേസമയം ഒരാള്‍ പ്രതിദിനം അവതരിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം 20 എണ്ണവും പരമാവധി മൂല്യം 5000 രൂപയുമാണെങ്കില്‍, ബാങ്കുകള്‍ അവ കൗണ്ടറില്‍ സൗജന്യമായി മാറ്റി നല്‍കും. എന്നാല്‍ മൊത്തമായി അവതരിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം 20ല്‍ കൂടുതലാണെങ്കിലോ മൂല്യത്തില്‍ 5000 രൂപയോ കവിയുമ്പോള്‍, പിന്നീട് ക്രെഡിറ്റ് ചെയ്യുന്നതിനായി ബാങ്കുകള്‍ അവ രസീത് നല്കി സ്വീകരിക്കും.