കുപ്പിവെള്ളത്തിൽ കോളിഫോം ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി, വിശദീകരണവുമായി കമ്പനി

news image
Nov 28, 2026, 2:47 pm GMT+0000 payyolionline.in

ദില്ലി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ എഫ്എസ്എസ്എഐ വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി. കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള കമ്പനിയുടെ തേലിപ്പാറ പ്ലാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രാഥമിക ലബോറട്ടറി പരിശോധനയിലും തുടർന്ന് നടന്ന റഫറൽ ഫുഡ് ലബോറട്ടറി പരിശോധനയിലും വെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഈ ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിൻ്റെ വിൽപ്പന നിരോധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബിസ്‌ലേരിയുടെ ഗോവയിലെ പ്ലാന്റിൽ നിന്നുള്ള സാമ്പിളിൽ ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് എഫ്എസ്എസ്എഐ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിരുന്നു. സംഭവത്തിൽ വിശദീകരണവുമായി ബിസ്‍ലേരി രം​ഗത്തെത്തി. ജൽപായ്ഗുരി ജില്ലയിൽ നിർമ്മിച്ച PB201 ബാച്ച് കുപ്പിവെള്ളം എഫ്എസ്എസ്എഐ നിർദ്ദേശപ്രകാരം 2026 ഓഗസ്റ്റ് 12-ന് തന്നെ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവലിച്ചെന്ന് കമ്പനി അറിയിച്ചു.

ഇതേ ബാച്ചിലെ സാമ്പിളുകൾ എഫ്എസ്എസ്എഐ അംഗീകൃതമായ രണ്ട് സ്വതന്ത്ര ലബോറട്ടറികളിൽ പരിശോധിച്ചിരുന്നുവെന്നും അതിൽ ബാക്ടീരിയയുടെ സാന്നിധ്യമില്ലെന്നും എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കണ്ടെത്തിയതായും ബിസ്ലേരി അറിയിച്ചു. വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്ന് എഫ്എസ്എസ്എഐയോട് ബിസ്‌ലേരി ആവശ്യപ്പെട്ടു. ഔദ്യോഗിക പരിശോധനാ ഫലങ്ങളും സ്വതന്ത്ര ലാബ് ഫലങ്ങളും തമ്മിലുള്ള വലിയ വൈരുദ്ധ്യം കണക്കിലെടുത്താണ് പുനഃപരിശോധന വേണമെന്ന ആവശ്യം ഉയർത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe