കോഴിക്കോട്: റോയ് തോമസ് വധക്കേസിൽ അഞ്ചാം സാക്ഷിയും ഒന്നാം പ്രതി ജോളിയുടെ നിലവിലെ ഭർത്താവുമായ ഷാജു സക്കറിയയുടെ പ്രോസിക്യൂഷൻ ഭാഗം വിസ്താരം മാറാട് പ്രത്യേക സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി. ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ അസൗകര്യം അറിയിച്ചതുകാരണം ഷാജു സക്കറിയയുടെ എതിർവിസ്താരം 26ലേക്ക് മാറ്റി.
ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനകം തന്നോട് പ്രതി ജോളി വിവാഹാഭ്യർഥന നടത്തിയെന്നും വിവാഹത്തിന് മുമ്പുതന്നെ തന്റെ വരുമാനത്തിൽ ജോളിക്ക് കണ്ണുണ്ടായിരുന്നുവെന്നും ഷാജു സക്കറിയ മൊഴി നൽകി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചതിനുശേഷം ജോളിക്ക് പരിഭ്രാന്തിയായിരുന്നു. സിലി മരിച്ചപ്പോൾ ആഭരണങ്ങൾ ഊരിവാങ്ങിയത് ജോളിയായിരുന്നു. താൻ സിലിക്ക് അന്ത്യ ചുംബനം നൽകിയപ്പോൾ സമീപത്തുനിന്ന ജോളിയും അന്ത്യചുംബനം നൽകിയത് തന്നിൽ അസ്വസ്ഥതയുണ്ടാക്കി.
കൂടത്തായിയിലെ ആറു കൊലപാതകങ്ങളിലും ജോളിക്ക് പങ്കുണ്ടെന്ന് തനിക്ക് പിന്നീട് മനസ്സിലായി. ജോളിയിൽനിന്ന് സിലി കൂൺ ഗുളിക വാങ്ങിക്കഴിച്ചിരുന്നു. ജോളി പലതവണ തന്നെ എൻ.ഐ.ടിക്കുസമീപം കാറിൽ ഇറക്കിയിട്ടുണ്ട്. ജോളി എൻ.ഐ.ടിയിലെ ലെക്ചറർ ആണെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ, ജോളിക്ക് ജോലിയില്ല എന്ന് പിന്നീട് ബോധ്യമായി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. ഒമ്പതാം സാക്ഷിയും പ്രതി ജോളിയുടെ സഹോദരനുമായ ജോസിന്റെ വിസ്താരം വ്യാഴാഴ്ച നടക്കും.