കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഇന്ന് മുതൽ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

news image
Jun 15, 2026, 2:44 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഇന്ന് മുതൽ നടപ്പിലാകും. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയിലാണ് ഉദ്ഘാടനത്തിനായുള്ള ബസ് ഒരുങ്ങുന്നത്. ഉദ്ഘാടന ദിനം ബസ് ഓടിക്കുക കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയായിരിക്കും. ഡ്രൈവർക്ക് പുറമേ കണ്ടക്ടറും വനിതയായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ ബസിൽ യാത്ര ചെയ്യും. തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആർടിസി പുറത്തുവിട്ടത്. ഓർഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓർഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാൻജെൻഡേഴ്‌സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കൾ.

സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും. കഴിഞ്ഞ ദിവസം ടിക്കറ്റിന്റെ മാതൃക പുറത്തിറക്കിയിരുന്നു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയായിരുന്നു പ്രഖ്യാപനം നടത്തിയത്. തുടർന്ന് പ്രകടന പത്രികയിലും ഇക്കാര്യം ഉൾപ്പെടുത്തി. അധികാരത്തിലെത്തിയാൽ മെയ് പതിനഞ്ച് മുതൽ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കവും മറ്റും സത്യപ്രതിജ്ഞാ ചടങ്ങ് വൈകാൻ കാരണമായി. മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe