തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ മോശം അനുഭവത്തെ തുടർന്ന് പ്രതികരിച്ചപ്പോൾ സഹയാത്രികരിൽ ഒരാൾ പോലും സഹായിച്ചില്ലെന്ന് യുവതി. സാരമില്ല, പോട്ടെ എന്നാണ് ഒരാൾ പറഞ്ഞതെന്നും യുവതി പറഞ്ഞു. ഒരാൾ പോലും പ്രതികരിക്കാൻ തയ്യാറായില്ല. ആരും സഹായിച്ചുമില്ലെന്നും യുവതി പറഞ്ഞു. സഹയാത്രികരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചു. വണ്ടി നിർത്തിയപ്പോൾ വഴിമുക്കിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് രഞ്ജിത്തിനെ പൊലീസിൽ ഏൽപ്പിച്ചതെന്നും യുവതി വ്യക്തമാക്കി.
ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.