കോഴിക്കോട്: സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ ബംഗളൂരുവിൽനിന്ന് പിടികൂടി. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാനെയാണ് (22) സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
മേയ് ഒന്നിന് മോഡേൺ ബസാറിലെ റെഡിമെയ്ഡ് ഷോപ്പിൽ ഒരാൾ ലഹരിവില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധയിൽ 48.80 ഗ്രാം എം.ഡി.എം.എയും 16,000 രൂപയും കണ്ടെടുത്തെങ്കിലും നല്ലളം പൊലീസിനെ കബളിപ്പിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
ഒരു വർഷത്തിനുശേഷം സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഷാരൂഖിനെ കുറിച്ച് രഹസ്യമായി അന്വേഷിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തതോടെ ഇയാൾ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചു.
തുടർന്ന് നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ബംഗളൂരുവിന് സമീപത്തെ ഗ്രാമത്തിലെ ആഡംബര ഫ്ലാറ്റിൽനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി കർണാടക പൊലീസിന്റെ സഹായത്തോടെ മുമ്പ് ലഹരികേസിൽ ഉൾപ്പെട്ട നിരവധിപേരെ ചോദ്യംചെയ്തിരുന്നു.
പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദ ദേഹപരിശോധന നടത്തിയതിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 3.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വേറെയും ലഹരി കേസുകളും ഇയാൾക്കെതിരെയുണ്ട്. നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ എത്തിച്ച് കൊടുക്കുന്നതിനെ കുറിച്ചും മറ്റും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
രാസലഹരിക്കടിമകളായ നിരവധി യുവതീയുവാക്കൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നുവെന്നും വിവരം ലഭിച്ചു. കർണാടകയിൽ ലഹരിമരുന്നുമായി ഇയാളെ പിടികൂടിയിരുന്നെങ്കിലും കേസ് ഒതുക്കിത്തീർക്കുകയായിരുന്നു. ആഡംബര ജീവിതമാണ് നയിച്ചത്. അഞ്ചുലക്ഷത്തോളം രൂപ വരുന്ന ബി.എം.ഡബ്ല്യൂ ബൈക്കും കൂടാതെ മറ്റൊരു വിലകൂടിയ ബൈക്കും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
സ്ക്വാഡിലെ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, നല്ലളം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.പി. സന്തോഷ് കുമാർ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.