കൈകാലുകൾക്ക് സ്വാധീനക്കുറവുമായി എത്തി, രോഗം തിരിച്ചറിഞ്ഞു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയം

news image
Sep 23, 2024, 12:09 pm GMT+0000 payyolionline.in
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി വിഭാഗത്തിന്റെ കീഴില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെക്കാനിക്കല്‍ ത്രോമ്പക്ടമി വിജയകരമായി പൂര്‍ത്തിയാക്കി. സ്ട്രോക്ക് ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70 വയസുകാരനാണ് മെക്കാനിക്കല്‍ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് മാറ്റിത്.

സ്വകാര്യ ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ ചെലവുള്ള ചികിത്സാ രീതിയാണ് മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി ചെയ്തത്. വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കി രോഗി സുഖം പ്രാപിച്ചു വരുന്നു. മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസമാണ് കൈകാലുകള്‍ക്ക് സ്വാധീനക്കുറവുമായി 70 വയസുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. പരിശോധനയില്‍ സ്ട്രോക്ക് ആണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ വിദഗ്ധ പരിശോധനകള്‍ നടത്തി കട്ടപിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ചികിത്സ നല്‍കി. അതിന് ശേഷം വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനായി മെക്കാനിക്കല്‍ ത്രോമ്പക്ടമി ചികിത്സ നടത്തി. വിജയകരമായ പ്രൊസീജിയറിന് ശേഷം രോഗി നിരീക്ഷണത്തിലാണ്.

ഇമറിറ്റസ് പ്രൊഫസര്‍ ഡോ. തോമസ് ഐപ്പ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ചിത്ര, ഡോ. റാം മോഹന്‍, ഡോ. സുനില്‍ ഡി, ഡോ. ആര്‍. ദിലീപ്, ഡോ. പ്രവീണ്‍ പണിക്കര്‍, ഡോ. രമ്യ പി., ഡോ. വിനീത വി.എസ്. എന്നിവരടങ്ങുന്ന ടീമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത്. മെക്കാനിക്കല്‍ ത്രോമ്പക്ടമി നടത്തിയ കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററിന്റേയും സ്‌ട്രോക്ക് കാത്ത് ലാബിന്റേയും നോഡല്‍ ഓഫീസറായ ഡോ. ആര്‍. ദിലീപിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഡോ. അനന്ത പത്ഭനാഭന്‍, ഡോ. ടോണി, ഡോ. നിഖില, ജിത, വിഷ്ണു, ജയകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബാഹ്യ സഹായമില്ലാതെ നമ്മുടെ ഡോക്ടര്‍മാര്‍ മെക്കാനിക്കല്‍ ത്രോമ്പക്ടമി ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തെ കോമ്പ്രിഹെന്‍സീവ് സ്ട്രോക്ക് സെന്ററായി (സമഗ്ര പക്ഷാഘാത പരിചരണ വിഭാഗം) വികസിപ്പിച്ചെടുത്തിരുന്നു. ലോക പ്രശസ്ത ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജിസ്റ്റ് ഡോ. സാക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള SNIF മായി ചേര്‍ന്ന് ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. പുതിയ ചികിത്സാ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ വൈദഗ്ധ്യത്തോടെ ചെയ്യാന്‍ കഴിയുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe