കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡും പെൻഡ്രൈവും മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

news image
Jun 12, 2026, 6:21 am GMT+0000 payyolionline.in

എറണാകുളം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് നിർദേശമുണ്ട്. മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്നാണ ഹൈക്കോടതി നിർദേശിച്ചത്. ഒരു മാസത്തിനകം മുദ്രവച്ച കവറിൽ ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയോടാണ് ഹൈക്കോടതിയുടെ നിർദേശം.

മെമ്മറി കാർഡ് പരിശോധനയിലെ എസ്‌ഐടി അന്വേഷണ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്‌ഐടി അന്വേഷണ ആവശ്യത്തിൽ പ്രൊസിക്യൂഷൻ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മുദ്രവച്ച കവറിലാക്കിയ തെളിവുകൾ ഹൈക്കോടതി രജിസ്ട്രിയിൽ ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയോടാണ് ഹൈക്കോടതിയുടെ നിർദേശം.

അതിജീവിത ഉന്നയിച്ച വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൽ ബഞ്ചാണ് അതിജീവിതയുടെ ഹർജി പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ അടക്കം കസ്റ്റഡിയിൽ ഇരിക്കെ മൂന്നു തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടുവെന്നാണ് അതിജീവിതയുടെ ആക്ഷേപം.

ഫോറൻസിക്ക് വിദഗ്ദരെ അടക്കം ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് അതിജീവിത ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ ഒരുമാസത്തിനകം നിലപാട് അറിയിക്കണമെന്നാണ് പ്രോസിക്യൂഷനോട് ഹൈക്കോടതി സിംഗിൾ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് രണ്ട് ജഡ്ജിമാർ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, ജസ്റ്റിസ് കൗസർ എടപ്പഗത്തുമാണ് പിന്മാറിയത്. മൂന്നാമത്തെ ബഞ്ചിലാണ് ഹർജി പരിഗണിച്ചിരിക്കുന്നത്.

തന്റെ സ്വകാര്യ ദൃശ്യങ്ങളാണ് പെൻഡ്രൈവിലും മെമ്മറി കാർഡിലുമുള്ളത്. അത്തരം ദൃശ്യങ്ങൾ ചോർന്നു അല്ലെങ്കിൽ മറ്റൊരാൾ കണ്ടു എന്നുള്ളത് അത് മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയായിരുന്നു അതിജീവിത പുതിയ ഹർജി ഫയൽ ചെയ്തത്. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധന പുറത്തെത്തിച്ചത് റിപ്പോർട്ടർ ടിവിയായിരുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe