കൊയിലാണ്ടി: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ വ്യാപക റെയ്ഡിൽ 14 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ പിടിയിലായി. വെങ്ങളത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവരികയായിരുന്ന ആദർശ് (26), അരുൺ (26) ഉജ്ജ്വല്‍ (24) എന്നിവരടക്കം മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് റൂറൽ എസ്.പി. ഷറഫുദ്ദീൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വടകര നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ഉത്തം ദാസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ മനോജ് രാമത്ത്, രാജീവ് വി.വി., ചിത്രദാസ്, അനൂപ് സെൻ എന്നിവരുടെ നേതൃത്വത്തിലാണ് വെങ്ങളത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തിയത്.
