സതീശൻ സർക്കാർ സംഘ്പരിവാറിന് ഏജൻസി പണിയെടുക്കുന്നു: നാഷണൽ ലീഗ്

news image
Jun 11, 2026, 5:52 am GMT+0000 payyolionline.in

കോഴിക്കോട്: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ വഴിയൊരുക്കുന്ന യു.ഡി.എഫ്. സർക്കാർ, സംഘ്പരിവാറിന് വേണ്ടി ഏജൻസി പണിയെടുക്കുകയാണെന്ന് നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ കൗൺസിൽ ആരോപിച്ചു. ആർ.എസ്.എസ്. അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണറുമായി തർക്കങ്ങൾക്കില്ലെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രസ്താവനയും എം.ജി. യൂണിവേഴ്സിറ്റി സെനറ്റിലേക്ക് സംഘ്പരിവാർ അനുകൂലികളെ കുത്തിനിറച്ചതും ഇതിന് തെളിവാണെന്ന് കൗൺസിൽ കുറ്റപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നിയമനവും സംഘ്പരിവാർ താല്പര്യപ്രകാരമാണെന്ന് വേണം കരുതാൻ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രൂപപ്പെട്ട യു.ഡി.എഫ്.-ബി.ജെ.പി. രഹസ്യ ധാരണയുടെ തിരക്കഥയാണ് ഇപ്പോൾ സംസ്ഥാനത്ത് നടപ്പിലാകുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ കേരളം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തുടർ പരിപാടികൾ വിശദീകരിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് ഷർമ്മദ് ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ ബഷീർ ബഡേരി, അൻവർ ടി.ടി., വഹാബ് മണ്ണിൽകടവ്, ഇസ്മായിൽ കിണാശ്ശേരി, സുൽഫിക്കർ ബേപ്പൂർ, ഒ.പി. റഷീദ്, മെഹബൂബ് കുറ്റികാട്ടൂർ, ഒ.പി. സലീം, കെ.ആർ.എസ്. മുഹമ്മദ്‌, എം.എം. മൗലവി, ഷാജി പി.കെ., റഫീഖ് ചേലന്നൂർ, ആബിദ് അമ്പിലോളി, അഡ്വ. ഫിർഷാദ്, റെനീഫ്, ശംസു ചക്കുംകടവ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് അഴിയൂർ സ്വാഗതവും കെ.കെ. മുഹമ്മദ്‌ മാസ്റ്റർ നന്തി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe