കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം, കൈയേറ്റം; യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ

news image
Nov 28, 2026, 1:55 am GMT+0000 payyolionline.in

പത്തനംതിട്ട: യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാനെത്തിയ കോടതി ഉദ്യോഗസ്ഥരെയും കോടതി കമ്മീഷനെയും ബാങ്ക് ജീവനക്കാരെയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് നടപടി. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായർ എസിനെ (40) ആണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനായി വ്യാഴാഴ്ച കോടതി കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും വാഴമുട്ടത്തെത്തിയിരുന്നു. വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോൾ പ്രതി ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പരാതിക്കാരിയായ നീതു രാജുവിനും മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായതായാണ് പരാതി.

സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും വളരെ വേഗം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 6:15നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കേരള പോലീസ് ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe