കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫീസ് വർധന സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മുഹമ്മദ് റിയാസ്

news image
Aug 16, 2026, 11:43 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പി എ മുഹമ്മദ് റിയാസ് രംഗത്ത്. ഇതുവരെ പൂർണ്ണമായും സൗജന്യമായി നൽകിയിരുന്ന ലാബ് പരിശോധനകൾക്കാണ് ഇപ്പോൾ പുതിയ നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. തീരുമാനം എടുത്ത എച്ച്ഡിഎസ് യോഗത്തിൽ എൽഡിഎഫ് പ്രതിനിധികളോ പ്രാദേശിക എംഎൽഎയായ തന്നെയോ പങ്കെടുപ്പിച്ചിരുന്നില്ലെന്നും തങ്ങളെ വിഷയമൊന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തീരുമാനത്തിന് പിന്നിൽ യുഡിഎഫ് സർക്കാരാണെന്നും ധർമ്മാശുപത്രികളെ യുഡിഎഫ് കൈവെടിയുകയാണെന്നും റിയാസ് ആരോപിച്ചു. “സാധാരണക്കാരായ മനുഷ്യരാണ് സർക്കാരിന്റെ ഈ നയത്തിൻറെ ഇരകളാക്കപ്പെടുന്നത്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്” — പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിന് അർഹമായ ഫണ്ടോ കാരുണ്യ ബെനവലൻറ് ഫണ്ടോ യുഡിഎഫ് സർക്കാർ അനുവദിക്കുന്നില്ല. എംഎൽഎമാർ ഫണ്ട് നൽകിയിട്ടാണോ മെഡിക്കൽ കോളേജുകൾ നിലനിൽക്കേണ്ടത്? മെഡിക്കൽ കോളേജിന് ആവശ്യമായ സാമ്പത്തിക സഹായം നൽകേണ്ടത് സർക്കാരാണ്. കഴിഞ്ഞ പത്ത് വർഷമായി ഒരു തടസ്സവുമില്ലാതെ പൂർണ്ണ സൗജന്യമായി നടന്നുവന്നിരുന്ന ഈ പരിശോധനകൾ ഇനിയും ഫീസ് ഈടാക്കാതെ സൗജന്യമായിത്തന്നെ നൽകണം. പാത്തോളജി ലാബിലെ പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനം ഉടനടി പിൻവലിച്ച് രോഗികൾക്ക് ആശ്വാസമേകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe