കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലാകും അന്വേഷണം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകർന്നു വീണത്
സംഭവത്തിൽ ഗുരുതര അനാസ്ഥ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർണായക മുന്നറിയിപ്പുകൾ അവഗണിച്ചു. നാല് മാസം മുമ്പ് കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്ന് മാസം മുമ്പ് തന്നെ റിപ്പോർട്ട് ലഭിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷനെ ടവർ പൊളിക്കാൻ ഏൽപ്പിച്ചെങ്കിലും നടപടിയെടുത്തില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നത് ഗുരുതരമാണ്. 150 വർഷം പഴക്കമുള്ളതാണ് കെട്ടിടം.
അതേസമയം തകർന്ന ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. നിലവിൽ ഘട്ടം ഘട്ടമായാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. കെട്ടിടം പൂർണമായി നീക്കിയാൽ മാത്രമേ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകൂ. രണ്ട്, മൂന്ന് ട്രാക്കുകൾ അടച്ചിട്ടതിനാൽ ഇന്നും ട്രെയിനുകൾ വൈകി ഓടും. നിലവിൽ റെയിൽവേ സ്റ്റേഷനിലെ ഒന്ന്, നാല് ട്രാക്കുകളിലൂടെയാണ് ട്രെയിനുകൾ ഓടുന്നത്.
