ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളിൽ തൊഴിൽപരവും കുടുംബപരവുമായ സമ്മർദങ്ങൾ ആരോഗ്യത്തിലും തൊഴിൽ നിപുണതയിലും ഉണ്ടാക്കുന്ന സ്വാധീനങ്ങളും പരിണിത ഫലങ്ങളും സംബന്ധിച്ച പഠനവിഷയത്തിൽ ഡോക്ടറേറ്റ് നേടി ഖത്തർ പ്രവാസിയും കൊയിലാണ്ടി സ്വദേശിയുമായ അബ്ദുറഹിമാൻ പറമ്പിൽ. അദ്ദേഹം അരുണാചൽ പ്രദേശിലെ അരുണോദയ യൂണിവേഴ്സിറ്റിയിലാണ് പി.എച്ച്.ഡി. കരസ്ഥമാക്കിയത്.
17 വർഷത്തെ പ്രവാസജീവിതത്തിനൊപ്പം സൈക്കോളജിയിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ അബ്ദുറഹിമാന്റെ അക്കാദമിക് നേട്ടം അദ്ദേഹത്തിന് ഈ ഡോക്ടറേറ്റ് നേടുന്നതിൽ സഹായകമായി.
പ്രവാസജീവിതത്തിനൊപ്പം വിവിധ പൊതുപ്രവർത്തന മേഖലകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കായിക രംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം. നിലവിൽ ഖത്തർ കെഎംസിസി കൊയിലാണ്ടി മണ്ഡലം ഉപാധ്യക്ഷൻ, വെൽനെസ്സ് സ്പോർട്സ് ക്ലബ് മെമ്പർ, കെഎംസിസി ഖത്തർ ടോസ്റ്റ് മാസ്റ്റർ ക്ലബ് ചാർട്ടേർഡ് പ്രസിഡന്റ്, സിജി ഖത്തർ എന്നീ സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു.
ഖത്തറിലെ ലുസൈലിൽ ഖത്തരി ദിയാര്‍ കമ്പനിയിൽ ഡവലപ്മെന്റ്, പ്ലാനിങ് ആൻഡ് പെർമിറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തുവരികയാണ്. അബ്ദുറഹിമാൻ കൊയിലാണ്ടി പുറക്കാട് സ്വദേശിയാണ്. ഭാര്യ ഹസീനയും 3 കുട്ടികളും കുടുംബാംഗങ്ങളാണ്.