ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ എം.ആർ. രാഘവവാരിയരേയും കൽപ്പറ്റ നാരായണനേയും ആദരിച്ചു

news image
Oct 14, 2024, 4:20 am GMT+0000 payyolionline.in

കൊയിലാണ്ടി :  പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച നവരാത്രി ആഘോഷ പരിപാടിയുടെ ഭാഗമായി സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം.ആർ. രാഘവവാരിയരേയും കവിതയ്ക്കുള്ള അവാർഡ് നേടിയ കൽപ്പറ്റ നാരായണനേയും ആദരിച്ചു.

 

“ഒരു നാടിന്റെ സാംസ്കാരിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ മഹാനായിരുന്നു ഗുരു ചേമഞ്ചേരി. ആ ഓർമ്മ പുതുതലമുറക്ക് പകർന്നുകൊടുക്കുന്നതുപോലും മഹത്തായ സർഗാത്മക പ്രവർത്തനമാണ്,” എന്ന് എം.ആർ. രാഘവവാരിയർ പ്രസ്താവിച്ചു. കൂടാതെ, “ജീവിതത്തിൽ അഭിനയിക്കാതിരിക്കയും അരങ്ങിൽ മഹാനടനാവുകയും ചെയ്ത ചേമഞ്ചേരിയുടെ സാംസ്കാരിക സ്വാധീനം വിലമതിക്കാനാവില്ല,” എന്നും കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.

 

നവരാത്രി ആഘോഷങ്ങളുടെ സമാപനത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു. കഥകളി വിദ്യാലയത്തിലെ അദ്ധ്യാപകരായ കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ് എന്നിവർക്കുള്ള സ്നേഹോപഹാരങ്ങൾ വേദിയിൽ വിതരണം ചെയ്തു.  പൂജ വെയ്പ്പോടെ ആരംഭിച്ച നവരാത്രി ആഘോഷങ്ങൾ വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളോടെ സമാപിച്ചു. പരിപാടിയിൽ കഥകളി വിദ്യാലയ സെക്രട്ടറി സന്തോഷ് സത്ഗമയ സ്വാഗതവും പി ടി എ  വൈസ് പ്രസിഡൻറ് രാജശ്രീ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe