കൊയിലാണ്ടി: കേരളം കടുത്ത ഉഷ്ണതരംഗത്തിലൂടെ കടന്നുപോകുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ശാസ്ത്രീയ മാർഗങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച ‘ഗ്രീഷ്മം’ ഹീറ്റ് ആക്ഷൻ പ്ലാൻ ശ്രദ്ധേയമാകുന്നു. 2025-ൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ തയ്യാറാക്കിയ ഈ പദ്ധതി, തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഹീറ്റ് ആക്ഷൻ പ്ലാൻ വേണമെന്ന സർക്കാർ നിർദ്ദേശത്തിനുള്ള മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. 2025 നവംബറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് പദ്ധതി പ്രകാശനം ചെയ്തത്. ഹ്രസ്വകാല-ദീർഘകാല ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി നിരവധി പ്രായോഗിക പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ ഇപ്പോൾ പുരോഗമിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചതാണ് പദ്ധതിയിലെ പ്രധാന ചുവടുവെപ്പ്. ഇതിന് പുറമെ ബസ് സ്റ്റോപ്പുകളിലും പ്രധാന കവലകളിലും ജനങ്ങൾക്ക് തണുത്ത ശുദ്ധജലം ലഭ്യമാക്കാൻ ജനകീയ തണ്ണീർ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. നന്തിയിൽ ഒരു ലിറ്റർ ശുദ്ധജലം വെറും ഒരു രൂപയ്ക്ക് ലഭ്യമാകുന്ന വാട്ടർ എ.ടി.എം പ്രവർത്തിച്ചു വരുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ചൂട് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾക്കും സൂര്യാഘാതത്തിനുമുള്ള പ്രത്യേക ചികിത്സ ഉറപ്പാക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉടൻ തന്നെ ‘ഹീറ്റ് ക്ലിനിക്’ പ്രവർത്തനമാരംഭിക്കും.
ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ അംഗനവാടികളിലെ ചൂട് കുറയ്ക്കുന്നതിനായി കൂൾ റൂഫിംഗ് റിഫ്ലക്റ്റീവ് പെയിന്റിംഗും പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. അലോപ്പതി, ഹോമിയോ, വെറ്ററിനറി മേഖലകൾ ഏകോപിപ്പിച്ചുകൊണ്ട് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഗുണകരമായ ബോധവൽക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖിലയും വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാറും അറിയിച്ചു.
