ജപ്തിയെത്തുടർന്നുള്ള ജീവനൊടുക്കൽ: കുടുംബത്തിന്റെ വായ്പ എഴുതിത്തള്ളാൻ ധാരണ

news image
Nov 17, 2026, 3:32 am GMT+0000 payyolionline.in

പേരാമ്പ്ര: ബാങ്കിന്റെ ജപ്തി നടപടിയെത്തുടർന്ന് കൂത്താളിയിലെ കവിത ജീവനൊടുക്കിയ സംഭവത്തിൽ വായ്പ എഴുതിത്തള്ളാൻ ജനപ്രതിനിധികളും ബാങ്ക് അധികൃതരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. അന്തിമതീരുമാനം ഉന്നത അധികാരികളുടെ അംഗീകാരത്തിനു ശേഷം പ്രഖ്യാപിക്കും. വായ്പയുമായി ബന്ധപ്പെട്ട എല്ലാ ജപ്തിനടപടികളും നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. കവിതയുടെ മൃതദേഹവുമായി ബാങ്കിന്റെ നടുവണ്ണൂർ ശാഖയ്ക്കു മുന്നിൽ ഒരു പകൽ മുഴുവൻ നടന്ന ജനകീയസമരത്തെത്തുടർന്നാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.

​കുടുംബത്തിന്റെ ആവശ്യപ്രകാരം വായ്പാതുക എഴുതിത്തള്ളുന്നത് അനിവാര്യമാണെന്ന് മനസ്സിലാക്കുന്നുവെന്നും ഇത് അടിയന്തര പരിഗണനയ്ക്കായി ബന്ധപ്പെട്ട മേലധികാരികൾക്കു മുന്നിൽ സമർപ്പിക്കുമെന്നുമാണ് ബാങ്ക് അധികൃതർ രേഖാമൂലം ഉറപ്പുനൽകിയത്. ഇത് സംബന്ധിച്ച അന്തിമതീരുമാനം ഡിസംബർ 15-നകം അറിയിക്കും. ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് അറിയിച്ചിരിക്കുന്നത്.

​എം.എൽ.എ.മാരായ ഫാത്തിമ തഹിലിയ, വി.ടി. സൂരജ്, ജില്ലാപഞ്ചായത്തംഗം കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, കൂത്താളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരാണ് സബ് കളക്ടർ പി.പി. അർച്ചന, പേരാമ്പ്ര എ.എസ്.പി. ആരതി യാദവ് എന്നിവരുടെ സാന്നിധ്യത്തിൽ ബാങ്ക് അധികൃതരുമായി ചർച്ച നടത്തിയത്.

​വെള്ളിയാഴ്ച രാവിലെയാണ് കൂത്താളി കുഞ്ഞാത്ത് കോയോടൻകണ്ടി വീട്ടിൽ ബാബുവിന്റെ ഭാര്യ കവിത (45) ബാങ്ക് അധികൃതർ ജപ്തി നടപടികൾക്ക് എത്തിയപ്പോൾ ജീവനൊടുക്കിയത്. പലിശയടക്കം 50 ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടായിരുന്നു. പണമടയ്ക്കാൻ അഞ്ചു ദിവസം സാവകാശം ചോദിച്ചിട്ടും നൽകാതെ ജപ്തിനടപടിക്കായി എത്തിയെന്നായിരുന്നു കുടുംബം പരാതിപ്പെട്ടത്. തുടർന്ന് രണ്ടുദിവസം ബാങ്ക് അവധിയായതിനാൽ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽത്തന്നെ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ ബാങ്ക് അധികൃതരുമായി സർവകക്ഷി പ്രതിനിധികൾ ചർച്ച നടത്തിയപ്പോൾ 14 ലക്ഷം രൂപ അടയ്ക്കണമെന്നാണ് അറിയിച്ചത്. ഇത് ജനകീയസമിതി അംഗീകരിച്ചില്ല. ചർച്ച അലസിയതിനെത്തുടർന്നാണ് സമരത്തിലേക്ക് കടക്കുകയായിരുന്നു.

​തിങ്കളാഴ്ച രാവിലെ മൃതദേഹം ഏറ്റുവാങ്ങി 10.45-ഓടെ നൂറുകണക്കിന് ആളുകൾ നടുവണ്ണൂരിലെ ബാങ്കിന് മുന്നിൽ എത്തിച്ചേർന്നു. നാലു മണിക്കൂർ നീണ്ട സമരത്തിനൊടുവിലാണ് സബ് കളക്ടർ തീരുമാനം പ്രഖ്യാപിച്ചത്. ഇത്രയുംസമയം സംസ്ഥാനപാതയിൽ ബാങ്കിനു മുന്നിൽ ഗതാഗതവും സ്തംഭിച്ചു. റോഡിൽനിന്ന് സമരക്കാരെ അറസ്റ്റു ചെയ്യാനുള്ള പോലീസിന്റെ നീക്കം ഇടയ്ക്ക് സംഘർഷത്തിനുമിടയാക്കി.

​ചർച്ചയിൽ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് രണ്ടരയോടെ സമരക്കാർ ബാങ്കിന്റെ പ്രവേശന കവാടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിട്ടു. മൃതദേഹം ബാങ്കിനകത്തേക്ക് കൊണ്ടുപോകുമെന്നും മുന്നറിയിപ്പു നൽകി. ഇതോടെ പത്തു മിനിറ്റിനകം തീരുമാനം എഴുതിത്തയ്യാറാക്കി സമരക്കാർക്കു മുൻപാകെ വായിക്കുകയായിരുന്നു. തുടർന്ന് വൈകീട്ട് നാലോടെ കവിതയുടെ സംസ്കാരം നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe