കാസർകോട്: ശബരിമല തീർഥാടക വാഹനങ്ങൾ നേരിടുന്ന പെർമിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ താൽക്കാലിക വാഹന പരിശോധനാ ചെക്ക് പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. ഇതിനായി കേരള മോട്ടോർ വാഹന വകുപ്പ് കർണാടക സർക്കാരിന്റെ അനുമതി തേടി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന തീർഥാടകരുടെ വാഹനങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നതിലെ ദീർഘകാലമായുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിനാണ് ഈ നടപടി.
നിലവിൽ മഞ്ചേശ്വരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹന പരിശോധനാ ചെക്ക് പോസ്റ്റ് ഇല്ലാത്തത് കർണാടകയിൽ നിന്നെത്തുന്ന തീർഥാടകരെ വലിയ രീതിയിൽ വലയ്ക്കുന്നുണ്ട്. നിലവിലുള്ള ചെക്ക് പോസ്റ്റിലെ ജീവനക്കാർ വൈകുന്നേരം അഞ്ചുമണിയോടെ മടങ്ങുന്നതിനാൽ രാത്രിയിലെത്തുന്ന വാഹനങ്ങൾക്ക് പരിശോധനയും പെർമിറ്റ് നടപടികളും പൂർത്തിയാക്കി യാത്ര തുടരാനാകുന്നില്ല. ഇതോടെ മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്.
ഇതിനുപുറമെ, ഓൺലൈൻ വഴി നടക്കേണ്ട പെർമിറ്റ് വിതരണം പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം പലപ്പോഴും തടസ്സപ്പെടുകയാണ്. പെർമിറ്റില്ലാതെ കേരളത്തിലേക്ക് പ്രവേശിക്കുന്ന കർണാടക വാഹനങ്ങൾക്ക് കനത്ത പിഴയൊടുക്കേണ്ട സാഹചര്യവും നിലവിലുണ്ട്.
ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് തലപ്പാടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് തുടങ്ങാൻ മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്. കർണാടക സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ അതിർത്തിയിൽ വെച്ചുതന്നെ വാഹനങ്ങൾ പരിശോധിച്ച് ഉടൻ പെർമിറ്റ് അനുവദിക്കാൻ സാധിക്കും. നടപടികൾ വേഗത്തിൽ പൂർത്തിയായാൽ അയ്യപ്പഭക്തർക്ക് ഇത് വലിയ ആശ്വാസമാകും.
