പേരാമ്പ്ര: ടി.പി.രാജീവന് അനുസ്മരണ സമിതി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നവംബര്‍ 9,10 തിയ്യതികളില്‍ എഴുത്തുകാരന് ടി.പി.രാജീവന് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. പുറപ്പെട്ടുപോയ വാക്ക്- ടി.പി.രാജീവന് എഴുത്തും ജീവിതവും എന്ന പേരില്‍ പേരാമ്പ്ര ബൈപ്പാസില്‍ ഇ.എം.എസ്. ആശുപത്രി കവലക്ക് സമീപമാണ് പരിപാടി. ചിത്രകലാ കൂട്ടായ്മ, സാഹിത്യ ക്യാമ്പ്, സാഹിത്യ സംവാദം, നാടകം, ഗസല്‍ സന്ധ്യ, കവിയരങ്ങ്, പുസ്തകോത്സവം എന്നിവ നടക്കും.
ഒമ്പതിന് രാവിലെ ഒമ്പതിന് ടി.പി.രാജീവന്റെ ‘പ്രണയ ശതകം’ കവിതാ സമാഹാരത്തിന് ക്യാന്‍വാസില്‍ 30 ഓളം ചിത്രകാരര്‍ തീര്‍ക്കുന്ന നിറച്ചാര്‍ത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക. ‘നിറഭേതങ്ങളുടെ പ്രണയശതകം’ മാതൃഭൂമി സീനിയര്‍ ആര്‍ട്ടിസ്റ്റ് കെ.ഷെരീഫ് ഉദ്ഘാടനം നിര്‍വഹിക്കും. എഴുത്തുകാരന് ബി.രാജീവന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത തമിഴ് കവിയും തിരക്കഥാകൃത്തുമായ യുവന് ചന്ദ്രശേഖര്‍ മുഖ്യാഥിയാകും’ . തുടര്‍ന്ന് സര്‍ഗ്ഗാത്മകതയും നൈതികതയും വിഷയത്തില്‍ എഴുത്തുകാരന് എം.മുകുന്ദന് സംസാരിക്കും.
രണ്ടിന് നോവലുകളിലെ ദേശം എന്ന സെഷനില്‍ കഥാകൃത്ത് പി.വി.ഷാജികുമാര്‍ ശ്യംസുധാകര് എന്നിവരും പുതുകവിതകളുടെ കാലം എന്ന വിഷയത്തില്‍ എഴുത്തുകാരായ യുവന് ചന്ദ്രശേഖര്‍, പി.രാമന്, അന്‍വര്‍ അലി എന്നിവരും പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഒര്‍മ്മ അനുഭവം കാവ്യസന്ധ്യ എന്ന വിഷയത്തില്‍ എഴുത്തുകാരായ പി.പി.രാമചന്ദ്രന്, അന്‍വര്‍ അലി, എസ്.ജോസഫ്, സാവിത്രി രാജീവന്, പി.എസ്.ബിനുമോള്‍, കെ.പി.സീന, ഒ.പി.സുരേഷ്, കെ.ആര്.ടോണി, ഡോ.ആസാദ്, വി.കെ.പ്രഭാകരന് എന്നിവര്‍ പങ്കാളികളാകും. തുടര്‍ന്ന് നിസ അസീസിയുടെ ഗസല്‍ സന്ധ്യയുണ്ടാകും.
പത്തിന് സങ്കീര്‍ണ്ണ ബിംബങ്ങളുടെ കവിതാവിഷ്കാരം വിഷയത്തില്‍ കെ.വി.സജയ്, വീരാൻ കുട്ടി എന്നിവരും കവിതക്കുണ്ടോ അതിര്‍വരമ്പുകള്‍ വിഷയത്തില്‍ ഷീജ വക്കവും മലയാളത്തിന് പുറത്തെ ടി.പി.രാജീവനെ പറ്റി മുസഫര്‍ അഹമ്മദും സംസാരിക്കും. വൈകീട്ട് കവിത തുറന്നിടുന്ന വാതിലുകള്‍ വിഷയത്തില്‍ എസ്. ജോസഫും മഹേഷ് മംഗലാട്ടും നോവലിസ്റ്റിന്റെ ചരിത്രാന്വേഷണം സെഷനില്‍ പി.എന്‍.ഗോപീകൃഷ്ണന്, രാജേന്ദ്രന് എടത്തുംകര, സി.ജെ.ജോര്‍ജ്ജ്, എഴുത്തിന്റെ സമരകാലം സെഷനില്‍ കല്‍പ്പറ്റ നാരായണന് എന്നിവരും പങ്കെടുക്കും. തുടര്‍ന്ന് ആലപ്പുഴ മരുതം തിയ്യേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഭക്തക്രിയ നാടകം അരങ്ങേറും.കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് രാജൻ തിരുവോത്തിനെ ആദരിക്കും.