യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. ഇന്ത്യയിൽ കൂടുതൽ ആളുകളും ദീർഘദൂര യാത്രയ്ക്കായി ഉപയോഗിക്കുന്നത് ട്രെയിനുകളാണ്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ സഞ്ചരിക്കുന്ന ട്രെയിൻ കോച്ചിന്റെ എന്താണെന്ന് ? കടും നീല, മെറൂൺ, ചുവപ്പ്, പച്ച എന്നിങ്ങനെ പല നിറങ്ങളിൽ കോച്ചുകൾ കാണാറുണ്ട്. എന്നാൽ ഇവ വെറുമൊരു ഭംഗിക്കുവേണ്ടി നൽകുന്ന നിറങ്ങളല്ല. യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും ഓരോ കോച്ചിന്റെയും പ്രവർത്തനം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രത്യേക സംവിധാനത്തിന്റെ ഭാഗമായാണ് ഈ നിറങ്ങൾ നൽകിയിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ ?
നീല നിറം (Blue): ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന നിറമാണിത്. സ്ലീപ്പർ ക്ലാസ്, ജനറൽ കോച്ചുകൾ എന്നിവയ്ക്കാണ് പ്രധാനമായും നീല നിറം നൽകുന്നത്. മിതമായ നിരക്കിലുള്ള യാത്രയുടെയും സാധാരണ സേവനങ്ങളുടെയും അടയാളമായാണ് നീല നിറം കണക്കാക്കപ്പെടുന്നത്.
മെറൂൺ നിറം (Maroon): പഴയകാല റെയിൽവേയുടെ പ്രതാപം വിളിച്ചോതുന്ന നിറമാണിത്. പാരമ്പര്യത്തെയും പഴമയെയും സൂചിപ്പിക്കുന്ന ഈ നിറം ഇപ്പോൾ ചില ഹെറിറ്റേജ് റൂട്ടുകളിലും പഴയ ട്രെയിനുകളിലും മാത്രമേ കാണാൻ സാധിക്കൂ.
പച്ച നിറം (Green): സാധാരണയായി ഗരീബ് രഥ് (Garib Rath) ട്രെയിനുകൾക്കും ചില പ്രത്യേക സർവീസുകൾക്കുമാണ് പച്ച നിറം നൽകുന്നത്. കുറഞ്ഞ നിരക്കിൽ എസി യാത്ര ലഭ്യമാക്കുന്ന ട്രെയിനുകളെ തിരിച്ചറിയാൻ ഈ നിറം സഹായിക്കുന്നു.
ചുവപ്പ് നിറം (Red): പ്രീമിയം സേവനങ്ങളായ എസി ചെയർ കാർ, എസി സ്ലീപ്പർ എന്നിവയെയാണ് ചുവപ്പ് അല്ലെങ്കിൽ തുരുമ്പ് നിറത്തിലുള്ള കോച്ചുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ സൗകര്യങ്ങളുള്ള ഉയർന്ന ക്ലാസ് യാത്രയെ ഇത് അടയാളപ്പെടുത്തുന്നു.
മഞ്ഞ വരകൾ (Yellow Stripes): പാഴ്സൽ വാനുകൾ, ബ്രേക്ക് വാനുകൾ എന്നിങ്ങനെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കോച്ചുകളിലാണ് മഞ്ഞ വരകൾ കാണപ്പെടുന്നത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും ഇവ പെട്ടെന്ന് തിരിച്ചറിയാൻ ജീവനക്കാരെ ഇത് സഹായിക്കുന്നു
