പയ്യോളി: തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ അപകടം വരുത്തുന്ന രീതിയില്‍ മദ്യപിച്ച് ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കെഎല്‍ 14 എഎ 1114 ജീപ്പാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജീപ്പ് ഓടിച്ച പാലേരി കുന്നുമ്മല്‍ സുഹൈലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുന്ന തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിലെത്തുന്ന സന്ദർശകർക്ക് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർ ആരെയും കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല. അവധിദിനമായ ഇന്നലെ ഞാറാഴ്ചയും തീരദേശ പോലീസിനെ കൂടാതെ പയ്യോളി പോലീസും സ്ഥലത്തെത്തിയിരുന്നു . തീരദേശ പോലീസിന്റെ രണ്ട് ഉദ്യോഗസ്ഥർ എല്ലാദിവസവും തീരത്ത് കാവലുണ്ടാവും . വാഹനങ്ങൾ എല്ലാ ഭാഗത്ത് നിന്നും കടൽകരയിലേക്ക് പ്രവേശിക്കുന്നത് പോലീസിന് തലവേദനയാവുന്നുണ്ട്. ഇത് കാരണം സന്ദർശകർക്കിടയിലൂടെ വാഹനങ്ങൾ വേഗതയിൽ ഓടിച്ചു പോവുന്നതും വർധിപ്പിക്കുന്നു. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം.