തിക്കോടി പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

news image
Jun 22, 2026, 2:39 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത അനാസ്ഥയ്ക്കും പരാജയത്തിനുമെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വരുത്തിയ ഗുരുതരമായ വീഴ്ച, മാലിന്യനിർമ്മാർജ്ജന രംഗത്തെ ഭരണസമിതിയുടെ തികഞ്ഞ പരാജയം, നെൽവയൽ നികത്തി കെട്ടിടം നിർമ്മിക്കാൻ വഴിയൊരുക്കി മുസ്ലിം ലീഗ് നേതൃത്വത്തിന് അഴിമതി നടത്താൻ സാഹചര്യമൊരുക്കൽ എന്നിവയ്‌ക്കെതിരെയാണ് ജനവികാരമുണർത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

“വയൽ നികത്തി പഞ്ചായത്ത് ഓഫീസ് നിർമിക്കാൻ അനുവദിക്കില്ല”, “തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തി കെട്ടിടം നിർമ്മിക്കാനുള്ള നീക്കം അവസാനിപ്പിക്കുക”, “മാലിന്യ നിർമാർജന പ്രവർത്തനം ശക്തമാക്കുക” തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഉന്നയിച്ച ആവശ്യങ്ങളിൽ ഭരണസമിതി അലസത തുടർന്നാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

പ്രതിഷേധ സമരത്തിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.കെ. റഈസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ അശ്വതി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി. അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ. വൈശാഖ്, ബ്ലോക്ക് ട്രഷറർ ഒലീന, എൻ.ടി. നിഹാൽ, അഖിലേഷ്, ബബീഷ്, ബിജുരാജ് എന്നിവർ സംസാരിച്ചു.

ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കും വരെ ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ഈ പോരാട്ടം തുടരുമെന്ന് ഡി.വൈ.എഫ്.ഐ. നേതൃത്വം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe