തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ പരാതികളുമായി വിദ്യാർത്ഥികൾ. മെഡിക്കൽ കോളേജ് പൊലീസ് രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഏബലിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. ഏബലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
സംഭവത്തിൽ ഇന്നലെ വിദ്യാർത്ഥികൾ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് നടപടിയിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ഒന്നിൽ കൂടുതൽ പരാതി ഉണ്ടായിട്ടും വ്യത്യസ്ത എഫ്ഐആറുകൾ ഇടാനോ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനോ ആദ്യം പൊലീസ് തയ്യാറായില്ലെന്നുമാണ് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നത്. പ്രതിഷേധമുണ്ടായപ്പോൾ മാത്രമാണ് മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായതെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പരാതിയിൽ നീതി ഉറപ്പാക്കണമെന്നുമായിരുന്നു ആവശ്യം. ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഏബൽ അഗസ്റ്റിൻ. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ ഏബൽ കേസിലെ ഒന്നാം പ്രതിയാണ്. സംഭവത്തിൽ ഇരുപതിലേറെ വിദ്യാർത്ഥിനികൾ ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏബലിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലുമായിരുന്നു സസ്പെൻഷൻ. പ്രതി ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണ് എന്ന് ആരോപിച്ച് നൂറോളം വിദ്യാർത്ഥികൾ നേരത്തെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയത് കൊണ്ടാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതെന്നാണ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എൻഎച്ച് സാലിഹ് ആരോപിച്ചത്.
