തൃക്കാർത്തിക സംഗീതോത്സവം: പിഷാരികാവിൽ സംഗീതസൗരഭ്യം

news image
Dec 9, 2024, 4:28 am GMT+0000 payyolionline.in
കൊയിലാണ്ടി: തൃക്കാർത്തിക കാർത്തിക വിളക്കിന്റെ ഭാഗമായി പിഷാരികാവിൽ നടന്നു വരുന്ന സംഗീതോത്സവത്തിൽ പ്രതിഭകളും പ്രശസ്തരുമായ വ്യക്തിത്വങ്ങളുടെ വിവിധങ്ങളായ സംഗീത കച്ചേരികൾ സംഗീത പ്രേമികൾക്കും ഭക്തജനങ്ങൾക്കും സവിശേഷമായ അനുഭൂതികൾ പ്രദാനം ചെയ്യുന്നു. സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഡിസംബർ ആറിന് തിരികൊളുത്തിയ സംഗീതോത്സവത്തിൽ ഇതിനകം ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ  പുല്ലാങ്കുഴൽ കച്ചേരി, ശ്രീലാ മോഹന്റെ വീണക്കച്ചേരി, ഭരദ്വാജ് സുബ്രഹ്മണ്യം ചെന്നൈയുടെ സംഗീതക്കച്ചേരി എന്നിവ നടന്നു കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ 9ന് ടി.എച്ച്. സുബ്രഹ്മണ്യന്റെ വയലിൻ കച്ചേരി, 10ന് മാതംഗി സത്യ മൂർത്തിയുടെ സംഗീതക്കച്ചേരി, 11ന് ഡോ. അടൂർ പി. സുദർശന്റെ സംഗീതക്കച്ചേരി, 12ന് മുഡി കൊണ്ടാൻ രമേഷ് ചെന്നൈയുടെ വീണക്കച്ചേരി, 13ന് തൃക്കാർത്തിക ദിവസം ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യന്റെ സംഗീതക്കച്ചേരി എന്നിവ ആസ്വാദകരെ പ്രകമ്പനം കൊള്ളിക്കും. അന്നേ ദിവസം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് തൃക്കാർത്തിക സംഗീത പുരസ്കാരം സമർപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe