തൊപ്പി കാരണം നിരന്തരം ഫോണ്‍വിളി, അശ്ലീല സംഭാഷണം: എസ് പിക്ക് പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

news image
Jun 29, 2023, 2:11 pm GMT+0000 payyolionline.in

കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി.

കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്ന ജോലിയാണ് സജിയ്ക്ക്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചുനല്‍കിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. കമ്പിവേലി നിര്‍മിച്ചതിനോടൊപ്പം സജി അവിടെ മൊബൈല്‍നമ്പറടക്കമുള്ള പരസ്യവും പതിച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ നമ്പറിലേക്ക് വിളിക്കുന്നതായി നിഹാദ് ചിത്രീകരിച്ചു. ആരോടോ മൊബൈലില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

അതിനുപിന്നാലെ സ്ത്രീകളടക്കമുള്ളവര്‍ തന്നെ നിരന്തരം വിളിക്കാനാരംഭിച്ചായി സജി പറയുന്നു. അര്‍ധരാത്രിയും ഫോണ്‍വിളികളുണ്ടാകാറുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നറിയിച്ചാലും വിളിക്കുന്നത് തുടരുന്നതായും സജി കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം നാല്‍പത് ഫോണ്‍കോള്‍ വരെ വന്നിട്ടുണ്ടെന്നും ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാല്‍ കോളുകള്‍ എടുക്കാതിരിക്കാനാവില്ലെന്നും സജി പറഞ്ഞു.

ശ്രീകണ്ഠാപുരം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് എസ്പിയ്ക്ക് പരാതി നല്‍കിയതെന്നും തൊപ്പിയെപ്പോലെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെമെന്നും സജി കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe