ത്രിപുരയിൽ എയ്‌ഡ്‌സ്‌ പടരുന്നു ; 
47 വിദ്യാർഥികൾ മരിച്ചു

news image
Jul 10, 2024, 4:23 am GMT+0000 payyolionline.in

ന്യൂഡൽഹി: ബിജെപി ഭരണത്തിലുള്ള ത്രിപുരയിൽ ആശങ്കാജനകമായ നിലയിൽ വിദ്യാർഥികൾക്കിടയിൽ എയ്‌ഡ്‌സ്‌ വ്യാപിക്കുന്നു. 47 കുട്ടികൾ എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിച്ചെന്നും നിലവിൽ 828 കുട്ടികൾക്ക്‌ എച്ച്‌ഐവി സ്ഥിരീകരിച്ചെന്നും സംസ്ഥാന എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി (ടിഎസ്‌എസിഎസ്‌) അറിയിച്ചു.

സംസ്ഥാനത്തെ 220 സ്‌കൂളുകളിലും 24 കോളേജുകളിലും വിദ്യാർഥികൾ വ്യാപകമായി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന്‌ ടിഎസ്‌എസിഎസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ കൈമാറി ഉപയോഗിക്കുന്നതാണ്‌ രോഗം ഭയാനകമാംവിധം പടരാനിടയാക്കുന്നത്‌. പലപ്പോഴും ദിവസേന അഞ്ചുമുതൽ ഏഴ്‌ വരെ പുതിയ കേസുകൾ സംസ്ഥാനത്ത്‌ സ്ഥിരീകരിക്കുന്നു.  164 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കാണിത്‌. 2024 മെയ് വരെ ത്രിപുരയിൽ ആന്റിറെട്രോവൈറൽ തെറാപ്പി (എആർടി) കേന്ദ്രങ്ങളിൽ 8,729 എച്ച്ഐവി ബാധിതർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രോഗം പടരുമ്പോഴും തടയാൻ ആവശ്യമായ ഇടപെടലുകൾ ബിജെപി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നില്ലെന്ന്‌ വിമർശം ശക്തമായി. ത്രിപുരയിലെ ആരോഗ്യമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന്‌ നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നു. 2018ൽ ബിജെപി സർക്കാർ അധികാരത്തിലേറിയതുമുതൽ ആരോഗ്യ മേഖലയ്‌ക്ക്‌ ആവശ്യമായ ഫണ്ട്‌ അനുവദിക്കുന്നില്ലെന്ന്‌ പരാതിയുണ്ട്‌. പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന്‌ ജീവനക്കാരില്ല. പരിശോധന സംവിധാനങ്ങളും അപര്യാപ്‌തം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe