പയ്യോളി: പുതിയ മൂരാട് പാലം നിർമ്മിച്ചതോടെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു എന്ന ആശ്വാസത്തിന് മാസങ്ങൾ മാത്രം ദൈർഘ്യം.
സർവീസ് റോഡിൽ രൂപപ്പെട്ട രണ്ടു വൻകുഴികൾ കാരണം ആഴ്ചകളായി മൂരാട് ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിയൂർ വഴിയാണ് പോകുന്നത്.
കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ അണ്ടർ പാസ് എത്തുന്നതിനു മുൻപും അണ്ടർ പാസ് കഴിഞ്ഞ ഉടനെയുമാണ് രണ്ട് വൻ കുഴികൾ ഉണ്ടായത്.
വെള്ളം നിറഞ്ഞത് കാരണം ഇതിൽ ഇറങ്ങുന്ന ചെറു വാഹനങ്ങൾ തിരിച്ചു കയറാൻ ഏറെ പ്രയാസപ്പെടുകയാണ്.
ചരക്കുമായി പോകുന്ന ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ചെറു കാറുകളുമാണ് കൂടുതലും പ്രയാസപ്പെടുന്നത്.
ഇവിടെ മെറ്റൽ ഉപയോഗിച്ച് ഈ കുഴികൾ അടച്ചാൽ ഇതുവരെയുള്ള ഗതാഗതം സുഗമമാകും എന്നും അതോടൊപ്പം ഗതാഗതക്കുരുക്ക് പൂർണമായും ഇല്ലാതാകും എന്നും പറയുന്നു.
ഇക്കാര്യം നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലം ഉണ്ടായിട്ടില്ല. നിലവിൽ അണ്ടർ ഫാസിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ചെറു വാഹനങ്ങൾ പൂർണമായും ഈ വഴി ഉപേക്ഷിച്ച നിലയിൽ ആണ്.
ഇന്ന് ഉച്ചയ്ക്ക് വെളുത്തുള്ളിയുമായി പോകുന്ന ഗുഡ് ഓട്ടോറിക്ഷ കുഴിയിൽ വീണ് മുഴുവൻ സാധനങ്ങളും വെള്ളത്തിലായി. നാട്ടുകാരുടെയും മറ്റ് വാഹന യാത്രക്കാരുടെ സഹായത്തോടെയാണ് സാധനങ്ങൾ പൂർണമായും മാറ്റിയത്.