നന്തി ബസാർ : മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ, അധ്യാപകർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ള പൊതുജനങ്ങൾക്കും നന്തി ലൈറ്റ് ഹൗസ് സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമാകുന്ന ‘നന്തി റെയിൽവേ അടിപ്പാത’ യാഥാർത്ഥ്യമാക്കാൻ അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കൊയിലാണ്ടി എം.എൽ.എ. അഡ്വ. പ്രവീൺകുമാർ. അടിപ്പാത ജനകീയ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എം.എൽ.എ. ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശിക യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ അടിപ്പാത അത്യന്താപേക്ഷിതമാണ്. സംസ്ഥാന ബജറ്റിൽ തുക വകയിരുത്തുന്നതിനൊപ്പം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തി പദ്ധതിക്ക് വേഗത്തിൽ അനുമതി വാങ്ങിയെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം നിവേദക സംഘത്തിന് ഉറപ്പുനൽകി.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലി, പഞ്ചായത്ത് മെമ്പർമാരായ പപ്പൻ മൂടാടി, അനസ് ആയിടത്തിൽ, റൗസി, ഹുസ്ന എന്നിവരും അടിപ്പാത ജനകീയ കമ്മിറ്റി ഭാരവാഹികളായ റഫീഖ് പുത്തലത്ത്, നൗഫൽ നന്തി, സി.കെ. അബൂബക്കർ, പി.എൻ.കെ. അഹമ്മദ്, കെ.വി.കെ. സുബൈർ, എസ്.വി. രവീന്ദ്രൻ, സി. ഗോപാലൻ, സി. ഫൈസൽ, റാഫി ദാരിമി തുടങ്ങിയവരും എം.എൽ.എ.യെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ച സംഘത്തിലുണ്ടായിരുന്നു.
