കൊച്ചി: നിതിൻ രാജ് കേസിൽ പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്തരം ഗുരുതര വീഴ്ചകൾ വരുത്തുന്ന ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. അച്ചടക്ക നടപടികളുടെ ചട്ടങ്ങൾ തനിക്ക് നന്നായി അറിയാമെന്നും സർക്കാരിന്റെ പണി നടപടിയെടുക്കലാണെന്നും കോടതി ഓർമ്മിപ്പിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സസ്പെൻഡ് ചെയ്യാനാകൂ എന്ന് സർക്കാർ അറിയിച്ചെങ്കിലും, കോടതിയെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും ഉദ്യോഗസ്ഥർ പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയാണെന്ന സംശയം ശക്തമാണെന്നും കോടതി തുറന്നടിച്ചു. നേരത്തെ, കേസിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതായും പ്രതിയുടെ പണവും ഭക്ഷണവും വാങ്ങിയതായും വിമർശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്നും നിർദേശിച്ചിരുന്നു.
