കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്. കൂടുതൽ പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാൻ നിർദേശമുണ്ട്. അതുപോലെ തന്നെ ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണം. ഇവ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണം.
വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണം. പൊതുജനങ്ങള്‍ ഒത്തു ചേരുന്ന നാടകം ഉള്‍പ്പെടെ കലാസാംസ്കാരിക കായിക മത്സരങ്ങള്‍ മാറ്റി വെക്കണം. നിപ പ്രതിരോധത്തിനായി മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനവും വിലക്കിയിരിക്കുകയാണ്. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലമായത് കൊണ്ടാണ് ഈ നിർദ്ദേശം. പൊതുജനങ്ങൾക്ക് ഒരറിയിപ്പ് ഉണ്ടാകും വരെയാണ് വിലക്ക്. ജില്ല കളക്ടറാണ് പ്രവേശനം വിലക്കി ഉത്തരവിട്ടത്.
അതേ സമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ചു ചികിൽസയിൽ കഴിയുന്ന യുവാവിൻ്റെ നില മെച്ചപ്പെട്ടതായി അറിയിപ്പുണ്ട്. പനി മാറി, അണുബാധയും കുറഞ്ഞു. എന്നാൽ 9 വയസ്സുകാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനും നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.
ജില്ലയിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 706 പേരാണ് ഇതുവരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലും വീടുകളിലും നിപ ലക്ഷണങ്ങളിലുള്ളവർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ 24 കാരന് കൂടി നിപ സ്ഥിരീകരിച്ചതോടെ നിപ ബാധിതരുടെ എണ്ണം 3 ആയി. ജില്ലയിലെ നാല് പഞ്ചായത്തുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയിൻമെന്റ് സോണിലെ കോളേജുകളിലെ പരീക്ഷ മാറ്റിവെച്ചതായി കാലിക്കറ്റ് സർവ്വകലാശാല അറിയിച്ചു.