കോഴിക്കോട്: നിപാ പ്രതിരോധത്തിനായി കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ നഗരത്തിൽ ആൾത്തിരക്ക് കുറഞ്ഞു. മാസ്‌കും സാനിറ്റൈസറും തിരികെയെത്തി. കോവിഡ് വ്യാപന നാളുകളെ ഓർമപ്പെടുത്തുംവിധം മാസ്‌കണിഞ്ഞ മുഖങ്ങളാണ് എങ്ങും. മാളുകളിലും മാർക്കറ്റുകളിലും ഹോട്ടലുകളിലും ചായക്കടകളിലും ഉൾപ്പെടെ ജനങ്ങൾ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങളിൽ ആളുകൾ ഗണ്യമായി കുറഞ്ഞു. പത്തുദിവസത്തേക്ക് പൊതുപരിപാടികളും ആളുകൾ ഒത്തുചേരുന്ന ചടങ്ങുകളും ഒഴിവാക്കണമെന്ന നിർദേശവും നഗരത്തിലെ തിരക്ക് ഒഴിയാൻ കാരണമായി.
ജില്ലയിൽ മൂന്നുനാൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കയാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ബസ് സ്‌റ്റാൻഡുകളിലും ഭൂരിപക്ഷംപേരും മാസ്‌കണിഞ്ഞാണ് എത്തിയത്.
നഗരത്തിൽ വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന മാനാഞ്ചിറയിലും ബീച്ചിലും ആളുകൾ നന്നേ കുറവായിരുന്നു. മിഠായിത്തെരുവിലും പതിവ് തിരക്കില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ‘രാവിലെ ഒമ്പതിന് ടൗണിൽ എത്തിയതാണ്, ഓട്ടം തീരെയില്ല’ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തെ ഓട്ടോ തൊഴിലാളി പറഞ്ഞു. നഗരത്തിന് പുറത്തേക്കുള്ള ബസുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ആശുപത്രികളിൽ സന്ദർശകർ നാമമാത്രമാണ്. പഴം, പച്ചക്കറി വ്യാപാരകേന്ദ്രങ്ങളിലും മാന്ദ്യമുണ്ട്.