നിർമിത ബുദ്ധിയിൽ നവീകരണത്തിന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം,പദ്ധതി പാലക്കാട് ഐഐടി സഹായത്തോടെ

news image
Sep 14, 2022, 8:22 am GMT+0000 payyolionline.in

കോഴിക്കോട് : നിര്‍മിത ബുദ്ധി ഉപയോഗിച്ച് നവീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ മാനസികാരോഗ്യ കേന്ദ്രമാകാനൊരുങ്ങി കോഴിക്കോട് കുതിരവട്ടം. അന്തേവാസികള്‍ ചാടിപ്പോകുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി പാലക്കാട് ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ധ സംഘം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായപ്പോഴാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്തു ചെയ്യാനാകുമെന്ന ചിന്തയിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഈ സാഹചര്യത്തിലായിരുന്നു നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ അന്തേവാസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ പാലക്കാട് ഐ ഐ ടി സര്‍ക്കാരിന് സമര്‍പ്പിച്ചത്. പദ്ധതി പെട്ടെന്ന് നടപ്പാക്കാനായിരുന്നു ഐ ഐ ടിക്ക് ലഭിച്ച നിര്‍ദേശം.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഐ ഐ ടിയിലെ വിദഗ്ധ സംഘം കുതിരവട്ടത്തെത്തിയത്.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് രോഗികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ മാറ്റങ്ങള്‍ മനസിലാക്കുകയാണ് ചെയ്യുക. ഡീപ് ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചുള്ള പഠനത്തിലൂടെ രോഗികളുടെ അക്രമ വാസന, ചാടിപ്പോകാനുള്ള ആഗ്രഹം തുടങ്ങിയവ മുന്‍കൂട്ടി അറിയാന്‍ സാധിക്കും.ഇതിനായി വാര്‍ഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും.

രോഗികളിലെ മാറ്റം വേഗത്തില്‍ തിരിച്ചറിയുമെന്നതിനാല്‍ മികച്ച പരിചരണം നല്‍കാന്‍ കഴിയും. ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ദിവസം ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ഐ ഐ ടിയിലെ വിദഗ്ധര്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe