കെഎസ്‌ആർടിസി ബസിലെ ദൃശ്യങ്ങൾ തേടി പൊലീസ്; മെമ്മറി കാർഡ് കാണാനില്ല, മാറ്റിയതെന്ന് സംശയം

news image
May 1, 2024, 7:45 am GMT+0000 payyolionline.in

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്പോരിൽ കൂടുതൽ തെളിവുകൾക്കായി തർക്കമുണ്ടായ ബസിലെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡിവിആര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തി.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു. അതേസമയം മെമ്മറി കാർഡിനെ കുറിച്ച് അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർ‌ഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ യദു പറ‍ഞ്ഞു.

പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറുടെ കാർ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും പട്ടം മുതൽ വിവിധ ഭാഗങ്ങളിൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.ഡ്രൈവറുടെ മുന്നിലടക്കം 3 ക്യാമറകളാണു ബസിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe