പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാർഥികൾ

news image
Sep 21, 2022, 6:32 am GMT+0000 payyolionline.in

ചണ്ഡിഗഡ്: പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രഫഷനൽ സർവകലാശാലയിൽ (എൽപിയു) മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ സർവകലാശാലയിൽ വൻ പ്രതിഷേധം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാത്രി മുതൽ മറ്റു വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. 10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് ഇതെന്നു പ്രതിഷേധക്കാർ ആരോപിക്കുന്നു.

 

സർവകലാശാലയിൽ ഡിസൈൻ കോഴ്സ് ചെയ്യുന്ന അഗ്നി എസ്.ദിലീപ് (21) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്കു മരിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പു ലഭിച്ചതായി കപൂർത്തല പൊലീസ് അറിയിച്ചു.

‘‘എൽപിയുവിലെ ബി. ഡിസൈനിലെ ഒന്നാം വർഷ വിദ്യാർത്ഥി ചൊവ്വാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്യാർഥിക്ക് ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ഫഗ്വാര ഡിഎസ്പി പറഞ്ഞു. ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടുണ്ട്.’’– കപൂർത്തലയിലെ പൊലീസ് ട്വീറ്റ് ചെയ്തു.

സമാനമായ കാരണം ചൂണ്ടിക്കാണിച്ച് സർവകലാശാലയും പ്രസ്താവന ഇറക്കി. ‘‘നിർഭാഗ്യകരമായ സംഭവത്തിൽ സർവകലാശാല ദുഃഖിതരാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കൂടുതൽ അന്വേഷണത്തിന് അധികാരികൾക്ക് സർവകലാശാല പൂർണപിന്തുണ നൽകുന്നു.’’ സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

മുൻപുനടന്ന ആത്മഹത്യ സർവകലാശാല അധികൃതർ മറുവച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. രണ്ട് മരണങ്ങളുടെയും പിന്നിലെ കാരണം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe