പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം; ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ

news image
Nov 12, 2026, 4:19 am GMT+0000 payyolionline.in

കൊച്ചി : ചേരാനല്ലൂരിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ചത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറായതിനാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. നേരത്തേ ജാമ്യത്തിനെതിരെ നൽകിയ അപ്പീലുകൾ എറണാകുളം പ്രത്യേക സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയിലേക്ക് നീങ്ങിയത്.

​പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി നേരത്തേ അപ്പീലുകൾ തള്ളിയിരുന്നത്. ഏഴുവർഷമെങ്കിലും തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളിലല്ലാതെ ജുവനൈലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് നിരീക്ഷിച്ച കോടതി, വീഴ്ച വരുത്തിയതിന് പ്രോസിക്യൂഷനോട് വിശദീകരണവും തേടിയിരുന്നു. അതിനിടെ, കേസിലെ പ്രതിയും പതിനേഴുകാരന്റെ പിതാവുമായ ജഡ്ജി നാളെ മുതൽ തിരികെ ജോലിയിൽ പ്രവേശിക്കും. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച ഇദ്ദേഹം ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയിൽ വാഹനാപകടക്കേസുകളാണ് പരിഗണിക്കുന്നത്.

​ഒക്ടോബർ 25-ന് പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ചത്. വീട്ടുകാരറിയാതെ കാറെടുത്ത് പുറത്തിറങ്ങിയതാണെന്നും ഇരുട്ടും മഴയും കാരണം സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. സംഭവത്തിന് പിന്നാലെ പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചതോടെയാണ് പോലീസ് രാത്രി വൈകി നരഹത്യാവകുപ്പ് ചുമത്തി കടുത്ത നടപടികളിലേക്ക് കടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe