ആറന്മുള : പത്തനംതിട്ടയിൽ മാവേലി സ്റ്റോറിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ മുൻ മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മാവേലി സ്റ്റോറിന്റെ മാനേജരുടെ അധിക ചുമതല വഹിച്ചിരുന്ന ലീലാമ്മാളിനെയാണ് 5,60,645 രൂപയുടെ ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നുവർഷം കഠിനതടവിനും 5,90,645 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന വി.വി. അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയായ ലീലാമ്മാൾ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്നാണ് മൂന്നു കേസ്സുകളിലായി മൂന്നുവർഷം വീതം കഠിന തടവിനും 5,90,645 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ വ്യക്തമാക്കി. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന വി.വി. അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സിൽ പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പിമാരായിരുന്ന ബേബി ചാൾസ്, ജഗദീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി ജഗദീഷ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.