കൊച്ചി> ആധുനികകാലത്തെ പത്രപ്രവര്‍ത്തകര്‍ക്ക് സമൂഹവുമായി വലിയ ബന്ധമില്ലാത്ത അവസ്ഥയാണെന്നും അതില്‍നിന്ന് മാറി നിരന്തരം സമൂഹവുമായി ഇടപഴകി നല്ല വാര്‍ത്തകള്‍ കണ്ടെത്തിയിരുന്ന പഴയകാല പത്രപ്രവര്‍ത്തകരുടെ മാതൃക തിരിച്ചറിയണമെന്നും പ്രൊഫ. എം.കെ. സാനു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എറണാകുളം പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍. വി. പൈലിയുടെ സ്മരണാര്‍ഥം പ്രസ് ക്ലബുമായി സഹകരിച്ച് അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയ പുരസ്കാരം ‘ദേശാഭിമാനി’ മുന്‍ സ്പോര്‍ട്സ് എഡിറ്റര്‍ എ.എന്‍. രവീന്ദ്രദാസിന് സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല വായനയും സാഹിത്യബോധവും ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ എഴുതുന്നതിലും ജാഗ്രത പുലര്‍ത്തിയിരുന്നു. പൈലിയെപ്പോലെയുള്ള ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ സമൂഹത്തിന് ഏറെ പ്രയോജനകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തിപത്രവും മെമന്റോയും 10,001 രൂപയും സാനു മാസ്റ്റര്‍ എ.എന്‍. രവീന്ദ്രദാസിന് കൈമാറി. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.
സി.ഐ.സി.സി ജയചന്ദ്രന് എന്‍.വി. പൈലി അനുസ്മരണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍.ബി. ബിജു, കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറി എം.ഷജില്‍ കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എ.എന്‍ രവീന്ദ്രദാസ് മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് ട്രഷറര്‍ മനു ഷെല്ലി പ്രശസ്തിപത്ര അവതരണം നടത്തി. സെക്രട്ടറി എം.സൂഫി മുഹമ്മദ് സ്വാഗതവും നിര്‍വാഹക സമിതി അംഗം അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു.