പയ്യോളിയിലെ വ്യാപാരികളുടെത് അനാവശ്യ പ്രതിഷേധം : കർശന നിലപാട് തുടരുമെന്ന് നഗരസഭ

news image
Jan 7, 2023, 4:04 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിലെ വ്യാപാരികളുടെത് അനാവശ്യ പ്രതിഷേധമാണെന്നും കർശന നിലപാട് തുടരുമെന്നും നഗരസഭ അറിയിച്ചു. പയ്യോളിയിൽ കാൽനടയാത്രക്കാർക്കും , വാഹനങ്ങൾക്കും വളരെയേറെ പ്രയാസമുണ്ടാക്കുന്ന തരത്തിൽ സാധനങ്ങൾ റോഡിലേക്ക് ഇറക്കിവെച്ച് കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിരവധി തവണ താക്കീത് ചെയ്തിട്ടും പാലിക്കാതെ റോഡിലേക്ക് ഇറക്കി വെച്ച് വില്പന നടത്തുന്ന സാധനങ്ങൾ മാത്രമാണ് പിടിച്ചെടുത്തത്. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ നിന്ന് യാതൊന്നും പിടിച്ചെടുത്തിട്ടില്ല. അനാവശ്യ പ്രതിഷേധമാണ് വ്യാപാരികളുടെ ഭാഗത്ത് നിന്ന് ഇന്നുണ്ടായിട്ടുള്ളത്.


ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടർന്നും നഗരസഭ സ്വീകരിക്കും. പൊതു ജനങ്ങൾക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന സമീപനം ആവർത്തിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ തുടരും. ഇക്കാര്യത്തിൽ വിട്ടു വിഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതാണ്.
നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി തീരുമാനപ്രകാരമുള്ള ട്രാഫിക് പരിഷ്കാരങ്ങൾ പയ്യോളി ടൗണിൽ നടപ്പിലാക്കി വരികയാണ്. ഇതിൻ്റെ ഭാഗമായി പേരാമ്പ്ര റോഡിലെ അനധികൃത ബൈക്ക് പാർക്കിംഗും റോഡിലേക്ക് സാധനങ്ങൾ ഇറക്കി വെച്ചുള്ള കച്ചവടവും ഒഴിവാക്കിയിട്ടുള്ളതാണ്. പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും സുരക്ഷയ്ക്കും വലിയ പരിഗണന നല്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ തുടരും. നിയമപരമായി കച്ചവടം നടത്തുന്നവരെ പ്രയാസത്തിലാക്കുന്ന നടപടികൾ  സ്വീകരിക്കില്ല എന്ന് നഗരസഭ പുറത്തിറക്കിയ പത്ര കുറിപ്പിലൂടെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe