പയ്യോളി: പിഞ്ചുകുഞ്ഞും പൊതുപ്രവർത്തകനും അടക്കം നാലുപേരെ ആക്രമിച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു. പന്ത്രണ്ടാം ഡിവിഷനിൽ പെട്ട അയനിക്കാട് വെൽഫെയർ സ്കൂളിന് സമീപത്തെ വീട്ടുമുറ്റത്താണ് നായയെ കുരുക്കിട്ടു പിടിച്ച് തല്ലിക്കൊന്നത്.
ഇന്ന് രാവിലെ അഞ്ചരമണിയോടെ ആയിരുന്നു സംഭവങ്ങൾ തുടക്കം. പൊതുപ്രവർത്തകനും പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദിയുടെ ചെയർമാനുമായ എം സമദ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി ബസ് സ്റ്റാൻഡിനു സമീപത്ത് വെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്തേക്ക് വീണതിനെത്തുടർന്ന് ഇദ്ദേഹത്തിന് തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.
കറുത്ത നിറത്തിലുള്ള നായയാണ് ആക്രമിച്ചതെന്നും അത് ടൗണിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് ഓടി മാറിയതായും ദൃക്സാക്ഷികൾ വിവരം നൽകിയിരുന്നു.
പിന്നീട് അയനിക്കാട് പള്ളിക്ക് സമീപമുള്ള മിനി റോഡ് പരിസരത്ത് പ്രദേശവാസിയായ ജാഫറിന്റെ മൂന്നു വയസ്സുള്ള പേരക്കുട്ടിയെയും നായ ആക്രമിച്ചു.
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ തൊഴിലാളികൾ ഓടിക്കൂടിയാണ് നായയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്.
തുടർന്ന് പന്ത്രണ്ടാം ഡിവിഷൻ കൗൺസിലർ ഖാലിദ് കോലാരികണ്ടി ഇത് സംബന്ധിച്ച ജാഗ്രത നിർദ്ദേശം ഡിവിഷന്റെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.
നായയെ കണ്ടെത്തുന്നവർ വിവരം നൽകണമെന്ന് കൂടി അഭ്യർത്ഥിച്ചിരുന്നു.
തുടർന്നാണ് വെൽഫെയർ സ്കൂൾ സമീപത്തെ ഒ. ടി. അഷറഫിന്റെ വീട്ടിലെ ആട്ടിന്കോഡിന് സമീപത്ത് നായയെ കണ്ടതായി വിവരം ലഭിക്കുന്നത്.
സ്ഥലത്തെത്തിയ കൗൺസിലർ ഖാലിദിനൊപ്പം കോഴിക്കോട് പോലീസ് കൺട്രോൾ റൂം എസ്ഐയും സമീപവാസിയുമായ ടി സജീവൻ, ഇ കെ ലിനീഷ്, എ. ധനേഷ് എന്നിവർ ചേർന്ന് നായയെ കീഴ്പ്പെടുത്തി തല്ലിക്കൊല്ലുകയായിരുന്നു.
ഉച്ചഭക്ഷണ സമയമായതിനാൽ സമീപത്തെ സ്കൂളിലെ കുട്ടികളെ ആക്രമിക്കുമെന്ന് ഭയന്നിരുന്നു.