പയ്യോളി: ബോധവൽക്കരണത്തിന്റെ ഭാഗമായി പയ്യോളി നഗരസഭ സ്ഥാപിച്ച ബോർഡുകൾ കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നതായി പരാതി. പയ്യോളി ടൗൺ മുതൽ അർബൻ ബാങ്ക് വരെ റോഡിന്റെ തെക്കുവശത്താണ് പയ്യോളി നഗരസഭ ലക്ഷങ്ങൾ ചിലവിട്ട് ബോർഡുകൾ സ്ഥാപിച്ചത്. ഏറ്റവും കൂടുതൽ കാൽനട യാത്രക്കാർ സഞ്ചരിക്കുന്ന ഈ ഭാഗത്താണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
നേരത്തെ വലിയ വിസ്തീർണ്ണം ഉള്ള ചെടിച്ചട്ടികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടയിൽ ഇരുചക്ര വാഹനങ്ങൾ കയറ്റി വെക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് നഗരസഭ ഇത് ചെയ്തത് എന്ന് പറയുന്നു. ഇത്തരത്തിൽ ചെടിച്ചട്ടിയും ബോർഡും തമ്മിൽ റിബൺ ഉപയോഗിച്ച് കെട്ടിയത് കാരണം കാൽനടയാത്രക്കാർ റോഡിനോട് തൊട്ടുരുമ്മി നടക്കേണ്ട അവസ്ഥയാണുള്ളത്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്നതായി പറയുന്നു. ഈ റോഡിന്റെ എതിർഭാഗത്ത് ഓട്ടോറിക്ഷ പാർക്കിംഗ് ഉള്ളതിനാൽ ആ ഭാഗം കാൽ നട യാത്രക്കാർ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഈ ദിശയിലൂടെ ഇരു ഭാഗത്തേക്കും സ്ഥിരമായി കാൽനടയാത്രക്കാർ പോകുന്ന സ്ഥലമാണ്.
സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി നാലു ലക്ഷം രൂപ ചെലവിട്ടാണ് ഇത്തരത്തിലുള്ള 40 ബോർഡുകൾ നഗരസഭ നിർമ്മിച്ചത്. ഇവയിൽ 29 എണ്ണം പയ്യോളി ടൗണിലും ബാക്കിയുള്ളവ കോട്ടക്കൽ, നഗരസഭയുടെ കീഴിലുള്ള കുളങ്ങൾ എന്നിവയ്ക്ക് സമീപത്താണ് സ്ഥാപിച്ചത്.
തിരക്കേറിയ സമയങ്ങളിൽ ഓട്ടോറിക്ഷകളും ബസ്സുകളും മത്സരിച്ചോടുന്ന ഇവിടെ കാൽനടക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.