പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി; അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് കർശന നിർദ്ദേശം, സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം

news image
Aug 13, 2026, 2:03 pm GMT+0000 payyolionline.in

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീ​ക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷ ഭവനിൽ എത്തിയ അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞ മന്ത്രി അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി.

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസുണ്ടെന്ന വിവരം മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കാലതാമസം മാറ്റുന്നതിനുള്ള നടപടി അതിവേ​ഗം നടപ്പിലാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചത്.

ഡ്യൂപ്ലിക്കേറ്റുകളിലെ വിവരങ്ങൾ സ്കൂളുകളിൽ പോയി തിരുത്തി തിരിച്ചു വരുന്നത് കൊണ്ടുള്ളതാണ് നിലവിലെ കാലതാമസമെന്ന് പരീക്ഷ ഭവനിലെ ജീവനക്കാർ മന്ത്രിയെ അറിയിച്ചു, ഈ സാഹചര്യത്തിൽ അത് ഒഴിവാക്കുന്നതിന് വേണ്ടി കാലാനുസൃതമായി മാറ്റം വരുത്താൻ മന്ത്രി നിർദ്ദേശിച്ചു.

അതിന് വേണ്ടി പരീക്ഷാ ഭവനിൽ അടിയന്തിരമായി 60 ലാപ്പ്ടോപ്പുകൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു. അപേക്ഷകൾ ലഭിച്ചാൽ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകണം, പരീക്ഷാ ഭവനിലെ റിസപ്ഷനിലെ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതി മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകർക്ക് വിവരങ്ങൾ നൽകാൻ റിസപ്ഷനിലും, സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കണമെന്നും, അപേക്ഷകർ കൂടുതൽ സമയം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ കൗണ്ടറിൽ കൂടുതൽ ജീവനക്കാരെ നിയോ​ഗിക്കണമെന്നും മന്ത്രി പരീക്ഷ ഭവൻ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി. ഇക്കാര്യങ്ങളെല്ലാം പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ മോണിറ്ററിം​ഗ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കർശന മാർ​ഗ നിർദ്ദേശം തയ്യാറാക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe